കാത്തിരിപ്പ്
മരിക്കാനെനിക്ക് പേടിയില്ലമറക്കുവാൻ എല്ലാം മറക്കുവാനെനിക്ക് പേടിയാണ്.
മറന്നാൽ ഒരിക്കലും ഓർമ്മ വന്നില്ലെങ്കിലോ?
ജീവിതമൊരു വ്യർത്ഥ ചിത്രം പോലെ...
ഓർമ്മകൾ കൊണ്ട് ഞാനൊരു കുഞ്ഞോടമുണ്ടാക്കി
തുഴയുകയാണതിൽ ഞാനുമെൻറെ മോഹങ്ങളും.
മോഹങ്ങളൊക്കെയും
ഉള്ളിലൊതുക്കി ഞാൻ
ആർക്കു വേണ്ടിയോ ആർക്കൊക്കെ വേണ്ടിയോ.
എന്നിട്ടുമാ വിധി തന്നുപോയ് കണ്ണുനീർ കൊട്ടാരം.
കണ്ണുനീർ കൊട്ടാരത്തിലേകയായിരുന്നു ഞാൻ
ഇനിയുമാരോ യെന്നെത്തേടി വരാനുണ്ടെന്നപോൽ.
പകലിരുട്ടാക്കിയിരുന്നുഞാനേറെ ദിനങ്ങൾ.
സൂര്യനും ചന്ദ്രനും മാറിമാറി വന്നിട്ടും
ആ ആരോ ഒരാൾ മാത്രം വന്നില്ലിതുവരേയും.
പകലിന്റെ ചൂടും വെളിച്ചവും
രാത്രിതൻ അഗാധ നിശബ്ദതയും
ഏകാന്തതയുടെ നിഴലുകൾ മാത്രമായി.
എന്നിട്ടുമിരിക്കുന്നു ഞാനാരെയോ കാത്ത്,
എന്തിനെയോ കാത്ത്.
കാത്തിരുപ്പ് കാത്തിരുപ്പ്
എൻ ജീവനിശ്വാസമാം കാത്തിരുപ്പ് ...